‘ഓപ്പറേഷൻ തൂഫാൻ’ മറ്റ് സംസ്ഥാനങ്ങളിലും വലിയ ചലനമുണ്ടാക്കി;ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

10 July 2026
‘ഓപ്പറേഷൻ തൂഫാൻ’ മറ്റ് സംസ്ഥാനങ്ങളിലും വലിയ ചലനമുണ്ടാക്കി;ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയക്കെതിരായ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ മറ്റ് സംസ്ഥാനങ്ങളിലും വലിയ ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരും യോഗത്തിൽ ഈ നടപടിയെ പ്രശംസിച്ചതായി മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാൻ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിലുള്ള ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓപ്പറേഷൻ തൂഫാൻ ശക്തമായതോടെ മയക്കുമരുന്ന് കടത്തുകാർ ഓൺലൈൻ, കൊറിയർ സംവിധാനങ്ങൾ പോലുള്ള പുതിയ മാർഗ്ഗങ്ങൾ തേടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം രീതികളെയും കർശനമായി നിരീക്ഷിക്കും.

ഡോക്ടറുടെ കുറുപ്പടി (Prescription) ഇല്ലാതെ ഒരു തരത്തിലുള്ള മരുന്നുകളും വിതരണം ചെയ്യരുത്. ക്യാൻസർ രോഗികൾക്കുള്ള മരുന്നുകൾ വരെ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കൽ ഷോപ്പ് ഉടമകൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും, ആവശ്യമായി വന്നാൽ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.