‘ഭക്ഷണത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ തിരുത്തലുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ; വിശദീകരണം കടുത്ത വിമർശനത്തിനൊടുവിൽ

19 July 2026
‘ഭക്ഷണത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ തിരുത്തലുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ; വിശദീകരണം കടുത്ത വിമർശനത്തിനൊടുവിൽ

തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത്.

ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം നൽകുന്നതിന് സർക്കാർ എതിരല്ലെന്നും, തന്റെ മുൻപരാമർശം ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യം മുൻനിർത്തി മാത്രമായിരുന്നെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വിവാദം ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ വിശദീകരണം.

ഭക്ഷണത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലെന്നും പാവപ്പെട്ടവർക്ക് ആഹാരം ലഭിക്കണമെന്നാണ് സർക്കാരിന്റെ താല്പര്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ മറവിൽ സംഘടിതമായി സ്ഥലം കൈയേറിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം കൈയേറ്റങ്ങളോട് യോജിക്കാൻ കഴിയില്ല.

അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ഇടപെടൽ നടത്തുന്നത്. അല്ലാതെ പാവങ്ങൾക്ക് ആഹാരം നൽകുന്നതിനെയല്ല സർക്കാർ എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായി ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ‘കമ്മ്യൂണിറ്റി കിച്ചൺ’ ആരംഭിക്കുന്നത്. ഈ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും, ആര് ഭക്ഷണം നൽകുന്നു എന്നതിലല്ല, പാവങ്ങൾക്ക് ഭക്ഷണം കിട്ടുന്നു എന്ന് ഉറപ്പാക്കുന്നതിലാണ് സർക്കാരിന് താല്പര്യമെന്നും കെ. മുരളീധരൻ അറിയിച്ചു.