ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി, സി.ജെ.പി പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. തങ്ങളുടെ പരാതികൾ കേൾക്കണമെന്ന് മാത്രമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതെന്നും അവർ ചെയ്ത തെറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.
ലോകപ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണ്ണമായും സങ്കീർണ്ണവും അഴിമതി നിറഞ്ഞതുമായി മാറി. രാജ്യത്ത് ഇതുവരെ നീറ്റ് അടക്കം 152 പേപ്പർ ചോർച്ച സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് ഏഴരക്കോടിയോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചെന്നും കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഇത്രയധികം തട്ടിപ്പുകൾ നടന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ല.
കേന്ദ്ര സർക്കാരിന് മുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് മുന്നോട്ടുവെച്ചത്. സ്ഥാനത്ത് തുടരാൻ അർഹതയില്ലാത്തതിനാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്നതാണ് ഇതിൽ ആദ്യത്തേത്. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പോലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂടാതെ, സമരം ചെയ്ത വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസുകാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

