തിരുവനന്തപുരം: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നീറ്റ് തട്ടിപ്പിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും കേന്ദ്രം മടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എഫ്.ഐ (SFI) സംഘടിപ്പിച്ച ലോക് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടേത് തീർത്തും ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസിന്റെ പോഷക സംഘടനയായ എൻ.എസ്.യു.ഐ (NSUI) പങ്കെടുത്തില്ലെന്നും സംഭവത്തിൽ കെ.എസ്.യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ സമരത്തിന് പിന്തുണയുമായി എത്തിയതിനെ നല്ല കാര്യമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

