സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനും വീണയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

25 July 2026
സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനും വീണയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പിണറായി വിജയനും മകൾ വീണ വിജയനും കൂടുതൽ തിരിച്ചടിയായി സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയ മൊഴി പുറത്ത്.

പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനും പണം നൽകിയതെന്ന് ശശിധരൻ കർത്ത ഇ.ഡി.ക്ക് മൊഴി നൽകി. വീണയോ എക്‌സാലോജിക് കമ്പനിയോ സി.എം.ആർ.എലിന് യാതൊരു വിധ സേവനങ്ങളും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2024 ഏപ്രിൽ 17-ന് ഇ.ഡി. രേഖപ്പെടുത്തിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സി.എം.ആർ.എൽ. കൈമാറിയത്.യാതൊരു സേവനവും ലഭിക്കാതെയാണ് ഈ തുക മുഴുവൻ കൈമാറിയതെന്ന് ഇ.ഡി. അന്വേഷണത്തിൽ കണ്ടെത്തി.സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന വിവരവും ഇ.ഡി. റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.