വിജയ്ക്ക് പിന്നാലെ ധനുഷും! രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്ക് വഴിവെച്ച് നടൻ ധനുഷിന്റെ പ്രസംഗം; ആരാധകരോട് സാമൂഹിക സേവനത്തിന് ആഹ്വാനം

27 July 2026
വിജയ്ക്ക് പിന്നാലെ ധനുഷും!  രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്ക് വഴിവെച്ച് നടൻ ധനുഷിന്റെ പ്രസംഗം; ആരാധകരോട് സാമൂഹിക സേവനത്തിന് ആഹ്വാനം

ചെന്നൈ: വിജയ്ക്ക് പിന്നാലെ തമിഴ് സിനിമയിൽ നിന്ന് മറ്റൊരു താരം കൂടി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നതായി അഭ്യൂഹങ്ങൾ. ആരാധകരോട് ക്ഷേമപ്രവർത്തനങ്ങളിലും പൊതുപ്രവർത്തനങ്ങളിലും സജീവമാകാൻ നടൻ ധനുഷ് നൽകിയ ആഹ്വാനമാണ് രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ആരാധക സംഘടന സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ ആഘോഷങ്ങൾക്കും ഓഡിയോ ലോഞ്ചുകൾക്കുമപ്പുറം ജനക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ധനുഷ് ആരാധകരോട് ആവശ്യപ്പെട്ടത്.

ധനുഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന പ്രചരണം ശക്തമായത്. വിജയ് തന്റെ ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടി രൂപീകരിക്കുന്നതിന് മുൻപ് ‘വിജയ് മക്കൾ ഇയക്കം’ വഴി വർഷങ്ങളോളം ഇത്തരം സാമൂഹിക സേവനങ്ങൾ നടത്തിയിരുന്നു. സമാനമായ പാതയാണ് ധനുഷും സ്വീകരിക്കുന്നതെന്നാണ് തമിഴകത്തെ സംസാരം.

അതേ ചടങ്ങിൽ തന്നെ തന്റെ ‘റായൻ’ എന്ന ചിത്രത്തിന് ലഭിച്ച ദേശീയ അവാർഡിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കും ധനുഷ് മറുപടി നൽകി. റായനേക്കാൾ മികച്ച ചിത്രങ്ങൾ ആ വർഷം വന്നിട്ടുണ്ടാകാമെന്ന് സമ്മതിച്ച താരം, മുൻപ് തന്റെ മികച്ച പ്രകടനങ്ങൾ തള്ളിക്കളയപ്പെട്ട കാര്യവും ഓർമ്മിപ്പിച്ചു.

‘പുതുപ്പേട്ടൈ’, ‘വട ചെന്നൈ’, ‘കർണൻ’, ‘മരിയൻ’, ‘3’, ‘രാഞ്ജന’ തുടങ്ങിയ ചിത്രങ്ങൾ ഇറങ്ങിയ സമയത്ത് തനിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും ലഭിച്ചില്ലെന്നും, അന്ന് ആരും തനിക്കായി സംസാരിച്ചിരുന്നില്ലെന്നും ധനുഷ് കൂട്ടിച്ചേർത്തു.