മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അവസ്ഥ പൈശാചികം: പണമില്ലെന്ന കാരണം പറഞ്ഞ് ഒഴിയരുതെന്ന് സർക്കാരിനോട് ഹൈക്കോടതി

30 July 2026
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അവസ്ഥ പൈശാചികം: പണമില്ലെന്ന കാരണം പറഞ്ഞ് ഒഴിയരുതെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ദയനീയാവസ്ഥയിൽ കടുത്ത അതൃപ്തിയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മൃഗങ്ങൾക്ക് പോലും താമസിക്കാൻ കഴിയാത്ത പൈശാചികമായ സാഹചര്യമാണ് പലയിടത്തുമുള്ളതെന്നും ആധുനികത ഇവിടങ്ങളിലേക്ക് എത്തിനോക്കിയിട്ടുപോലുമില്ലെന്നും കോടതി വിമർശിച്ചു.

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. സെല്ലുകൾക്കുള്ളിൽ ഒരു മറപോലുമില്ലാതെ മുറിയുടെ നടുവിലാണ് ശൗചാലയങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് സ്ഥാപനങ്ങൾ ഈ രീതിയിലെങ്കിലും മുന്നോട്ട് പോകുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ള കൊളോണിയൽ രീതികളാണ് ഇപ്പോഴും തുടരുന്നത്. അവിടെ കണ്ട കാഴ്ചകൾ കണ്ടിട്ടും പതറുന്നില്ലെങ്കിൽ മനുഷ്യരല്ലെന്ന് കോടതി രൂക്ഷമായി പ്രതികരിച്ചു.

തിരുവനന്തപുരം, തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിച്ചതിന് ശേഷമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്. വൈകാതെ തന്നെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രവും സന്ദർശിക്കുമെന്ന് കോടതി വ്യക്തമാക്കി.

പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറരുതെന്നും ഹൈക്കോടതി കർശന നിർദേശം നൽകി.