മഴക്കെടുതിയിൽ വിറച്ച് കേരളം: 8 മരണം, 8 പേരെ കാണാനില്ല; നാശനഷ്ടം രൂക്ഷം, ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പുറത്ത്; ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി

2 August 2026
മഴക്കെടുതിയിൽ വിറച്ച് കേരളം: 8 മരണം, 8 പേരെ കാണാനില്ല; നാശനഷ്ടം രൂക്ഷം, ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പുറത്ത്;  ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്താകെ 8 പേർ മരണപ്പെടുകയും 8 പേരെ കാണാതാവുകയും ചെയ്തു. പരിക്കേറ്റ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കാലവർഷക്കെടുതിയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്: 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്തൊട്ടാകെ തുറന്ന 209 ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മഴ കനത്ത പത്തനംതിട്ടയിലെ ആറന്മുളയിലുള്ള ക്യാമ്പുകളിലാണ് പ്രധാനമായും അമർഷം പുകയുന്നത്. ക്യാമ്പുകളിൽ വെളിച്ചമില്ലെന്നും ജനറേറ്റർ എത്തിച്ചിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ലെന്നും ദുരിതബാധിതർ വ്യക്തമാക്കുന്നു. കൃത്യസമയത്ത് മരുന്നുകൾ ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. ക്യാമ്പുകളുടെ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥ ഏകോപനമില്ലെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും ഇടത് ജനപ്രതിനിധികളും ആവശ്യപ്പെട്ടു.