ചെന്നൈ: തമിഴ്നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ തമിഴ്നാടിനെ 1.5 ട്രില്യൺ ഡോളർ മൂല്യമുള്ള വൻ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള നിർണായക പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് ബജറ്റിന്റെ പ്രധാന ആകർഷണം. മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിൽ തത്വധിഷ്ഠിതമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിക്ക് വലിയ പ്രാധാന്യമാണ് ഈ ബജറ്റിൽ നൽകിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനായി 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിനായി 8,393 കോടി രൂപയും വകയിരുത്തി.
സംസ്ഥാനത്തെ 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിനായി 300 കോടി രൂപ നീക്കിവെച്ചു. 10,000 സ്കൂളുകളിൽ മികച്ച ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി 139 കോടി രൂപ അനുവദിച്ചു.കോളേജ് വിദ്യാർത്ഥികളുടെ ഡിജിറ്റൽ പഠനം സൗകര്യപ്രദമാക്കുന്നതിനായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു.

