ന്യൂഡൽഹി: ഏറെ വിവാദമായ നീറ്റ് (NEET) പരീക്ഷാ ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളടങ്ങിയ കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചു. വിഷയത്തിൽ വിദഗ്ധരടങ്ങിയ സംഘം വളരെ ആസൂത്രിതമായാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ തയ്യാറാക്കിയ 94 പേജുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
നാഷനൽ ടെസ്റ്റിങ് ഏജൻസിയിലെ (NTA) വിദഗ്ധ സംഘത്തിലുണ്ടായിരുന്ന മൂന്ന് പ്രമുഖരാണ് ചോദ്യങ്ങൾ ചോർത്തിയതിൻ്റെ പ്രധാന കണ്ണികൾ. പി.വി. കുൽക്കർണി, മനീഷ മാൻധാരെ, മനീഷ ഹവാൽദാർ എന്നിവർ ചേർന്നാണ് കൃത്യം നടപ്പാക്കിയതെന്ന് സിബിഐ കണ്ടെത്തൽ.
ചോദ്യങ്ങൾ മനഃപാഠമാക്കുക, കടലാസ് തുണ്ടുകളിൽ കുറിച്ചെടുക്കുക, പുസ്തകങ്ങളിൽ പ്രസക്തമായ ഭാഗങ്ങൾ അടയാളപ്പെടുത്തുക എന്നീ രീതികളാണ് ഇവർ ഉപയോഗിച്ചതെന്നും ചോദ്യങ്ങൾ ചോർത്തിയ വഴി വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്നും എൻഡിടിവി പുറത്തുവിട്ട വാർത്തയിൽ പറയുന്നു.

