ന്യൂഡൽഹി: ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയോട് അൽഗോരിതങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ആവശ്യപ്പെട്ടു.
ഡീപ്ഫേക്കുകൾ, തെറ്റായ പ്രചാരണങ്ങൾ, മറ്റ് കൃത്രിമമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങൾ എന്നിവയുടെ വ്യാപനം തടയുന്നതിനായി രാജ്യത്തെ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിനുള്ള കൃത്യമായ പദ്ധതിരേഖ സമർപ്പിക്കാനും സർക്കാരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ (ANI) റിപ്പോർട്ട് ചെയ്തു.
നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന് വന്ന പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റ കഴിഞ്ഞയാഴ്ച ഔദ്യോഗികമായി മാപ്പു പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ, മെറ്റയുടെ ആഗോള സാങ്കേതിക വിഭാഗവുമായുള്ള ചർച്ചയിലാണ് സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനും വ്യാജ പ്രചാരണങ്ങൾ തടയുന്നതിനുമായി അൽഗോരിതം പരിഷ്‌കരിക്കണമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്.

