നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ഗിരീഷ് എ. ഡി. ചിത്രം ‘ബത്‍ലഹേം കുടുംബ യൂണിറ്റി’ലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ കോമ്പോയുടെ ഗാനത്തിന് ‘ഇല്ലേ ഇല്ല’ എന്നാണ് പേരിട്ടിരിക്കുന്നത്.
ഗാന രചന നിർവഹിച്ചിരിക്കുന്നത് സുഹൈൽ കോയയാണ്. സംഗീതം: വിഷ്ണു വിജയ് ആലാപനം: കപിൽ കപിലൻ. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ഈ ചിത്രം വരാനിരിക്കുന്ന ഓണം റിലീസുകളിൽ ഏറ്റവും വലിയ പ്രതീക്ഷയുള്ള ഒന്നാണ്. ഓണത്തിന് തൊട്ടുമുമ്പ് ഓഗസ്റ്റ് 21-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ വൻ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ. ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിലെ മുൻനിര നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പൂർണ്ണമായും തമാശയ്ക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രം തിയേറ്ററുകളിൽ വൻ ചിരിവിരുന്നൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

