ചെങ്കോട്ട സ്ഫോടനം: പിന്നിൽ അൽ-ഖ്വയ്ദയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്

13 August 2026
ചെങ്കോട്ട സ്ഫോടനം: പിന്നിൽ അൽ-ഖ്വയ്ദയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്

ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ ഭീകരസംഘടനയായ ‘അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റ്’ (AQIS) ആണെന്ന് ഐക്യരാഷ്ട്രസഭയുടെ (UN) സുരക്ഷാ കൗൺസിൽ റിപ്പോർട്ട്.

യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീം തയ്യാറാക്കി സമർപ്പിച്ച 38-ാമത് റിപ്പോർട്ടിലാണ് ആക്രമണത്തിലെ അൽ-ഖ്വയ്ദയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ തങ്ങളുടെ സജീവ സെല്ലുകൾ സ്ഥാപിക്കാൻ സംഘടന ശ്രമങ്ങൾ നടത്തിവരികയാണെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

ഇതിനുപുറമെ, ഗുജറാത്തിൽ അടുത്തിടെ എടിഎസ് (ATS) അറസ്റ്റ് ചെയ്ത മൂന്ന് ഭീകരരുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പ്രത്യേക പരാമർശമുണ്ട്.

കഴിഞ്ഞവർഷം നവംബർ 10-ന് വൈകുന്നേരമാണ് തലസ്ഥാനത്തെ വിറപ്പിച്ച സ്ഫോടനമുണ്ടായത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ഐ20 കാർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.