ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കാടിനുള്ളിൽ വെച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവർക്ക് നേരെ വെടിയുതിർത്തത്.
കൊല്ലപ്പെട്ടവർ വേട്ടയാടാൻ എത്തിയ സംഘമാണെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക വിശദീകരണം. എന്നാൽ ഈ വാദം തള്ളിയ നാട്ടുകാർ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസ് ആക്രമിക്കുകയും കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

