പശ്ചിമ ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയെ തൃണമൂൽ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

16 August 2026
പശ്ചിമ ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയെ തൃണമൂൽ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിർഭും ജില്ലയിലെ രാംപുർഹട്ടിൽ, അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസ് ഓഫീസിലാണ് ഞായറാഴ്ച (ഓഗസ്റ്റ് 16) രാവിലെ മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.

സംഭവസ്ഥലത്തുനിന്നും പോലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.

മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന ആശിഷ് ബാനർജി, രാംപുർഹട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ചുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബംഗാൾ സർക്കാരിൽ വിദ്യാഭ്യാസ, കൃഷി മന്ത്രി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

മരണവാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ വസതിക്കും പാർട്ടി ഓഫീസിനും മുന്നിൽ വൻ ജനക്കൂട്ടവും അനുഭാവികളും തടിച്ചുകൂടിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.