ന്യൂഡൽഹി: രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) റിപ്പോർട്ട്. പാർലമെന്റിൽ സമർപ്പിച്ച ‘നോൺ സബർബൻ റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങളും ശുചിത്വവും’ സംബന്ധിച്ച റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെ നാല് റെയിൽവേ സോണുകളിലെ എട്ട് പ്രമുഖ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിൽ നിന്നും പ്ലാറ്റ്ഫോം ടാപ്പുകളിൽ നിന്നും ശേഖരിച്ച സാംപിളുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമായത്.
സതേൺ റെയിൽവേയിലെ കോയമ്പത്തൂർ, പാലക്കാട് ജംഗ്ഷൻ, സൗത്ത് സെൻട്രൽ റെയിൽവേയിലെ ഹൈദരാബാദ്, സെൻട്രൽ റെയിൽവേയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭീവണ്ടി റോഡ്, കല്യാൺ, ലോണാവള, ഈസ്റ്റേൺ റെയിൽവേയിലെ മധുപുർ എന്നിവിടങ്ങളിലാണ് കുടിവെള്ളത്തിൽ ഇ കോളി സാന്നിധ്യം വ്യക്തമായത്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, കുടിവെള്ള വിതരണ സംവിധാനങ്ങൾ ശുദ്ധീകരിക്കുന്നതിനായി 20,000 കേന്ദ്രങ്ങളിൽ പുതിയ ‘ടാങ്ക് ടു ടാപ്പ്’ ഫിൽട്ടറേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

