ന്യൂഡൽഹി: ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ കോംപൗണ്ടിന് പുറത്തുള്ള ട്രാഫിക് ബൊള്ളാർഡുകളും സുരക്ഷാ ബാരിക്കേഡുകളും ഇന്ത്യൻ അധികൃതർ നീക്കം ചെയ്തു. വീസാ വിഭാഗത്തിന് സമീപം റോഡിലേക്ക് കയറ്റി നിർമ്മിച്ചിരുന്ന ക്യു ലൈനറുകൾ ഉൾപ്പെടെയുള്ള താൽക്കാലിക നിർമ്മിതികളാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകളും പാർക്കിംഗ് പോളുകളും പാക്കിസ്ഥാൻ അധികൃതർ നീക്കം ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ഈ തിരിച്ചടി. നിർമ്മിതികൾ നീക്കം ചെയ്തതോടെ തകർന്ന ഗേറ്റുകൾ, ഇരുമ്പ് ചട്ടങ്ങൾ, റൂഫിങ് ഷീറ്റുകൾ, ഇഷ്ടികകൾ എന്നിവ കോംപൗണ്ടിനു പുറത്ത് ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അനുവദിക്കപ്പെട്ട അതിർത്തിക്ക് പുറത്തുള്ള അനധികൃത കയ്യേറ്റങ്ങൾ നീക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ജമ്മു കശ്മീരിനെക്കുറിച്ച് യുഎസ് സ്ഥാനപതി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ യുഎസ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയ പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര നീക്കങ്ങൾ നടക്കുന്നത്.

