മുംബൈ: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥയിൽ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവെയ്ക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ വിദ്യാർഥികൾ പഠിക്കാൻ നിർബന്ധിതരാവുകയാണെന്ന് ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ച ശേഷം അദ്ദേഹം ആരോപിച്ചു.
നല്ല ക്ലാസ്മുറികളോ ബെഞ്ചുകളോ ശുചിമുറികളോ സ്കൂളുകളിൽ ഇല്ലെന്നും, പലയിടത്തും മൃഗങ്ങളെക്കാൾ മോശമായ രീതിയിലാണ് വിദ്യാർഥികളോട് പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.ജെ.പി കഴിഞ്ഞയാഴ്ച ആരംഭിച്ച ‘സ്കൂൾ തീക് കരോ’ പ്രചാരണത്തിന്റെ ഭാഗമായാണ് അഭിജീത് ദീപ്കെ വിവിധ സർക്കാർ സ്കൂളുകൾ സന്ദർശിച്ചത്. സന്ദർശനവേളയിലാണ് സ്കൂളുകളിലെ ദയനീയമായ ചിത്രം പുറത്തുവന്നത്.
സ്കൂളുകളുടെ ഈ അവസ്ഥയ്ക്ക് മന്ത്രിമാരും ജനപ്രതിനിധികളുമാണ് ഉത്തരവാദികൾ. കുട്ടികൾക്കായി ഒന്നും ചെയ്യാത്ത നേതാക്കൾക്ക് ഹെലികോപ്റ്ററുകളിൽ യാത്ര ചെയ്യാൻ വേണ്ടിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സ്കൂളുകളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാകണമെങ്കിൽ എം.എൽ.എമാരും മന്ത്രിമാരും തങ്ങളുടെ മക്കളെ സർക്കാർ സ്കൂളുകളിലേക്ക് അയക്കണം. നിലവിലെ വിദ്യാഭ്യാസ മന്ത്രിക്ക് ആ പദവിയിൽ തുടരാൻ യാതൊരു അർഹതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

