തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് കേസിൽ ശക്തമായ ഇടപെടലുമായി ലോക്ഭവൻ. സംഭവത്തിൽ വിശദീകരണം തേടുന്നതിനായി പിഎസ്‌സി സെക്രട്ടറിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ നേരിട്ട് വിളിപ്പിച്ചു. പിഎസ്‌സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പരീക്ഷാ തട്ടിപ്പിന്റെ നിലവിലെ വിവരങ്ങളും അന്വേഷണ പുരോഗതിയും ഗവർണർ സെക്രട്ടറിയോട് ചോദിച്ചറിഞ്ഞു.
അതേസമയം, പിഎസ്‌സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) മൊഴിയെടുപ്പ് ഊർജ്ജിതമായി തുടരുകയാണ്. പിഎസ്‌സി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവയുടെ സൈബർ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആവശ്യമായ തെളിവുശേഖരണം പൂർത്തിയായ ശേഷം പ്രതികളുടെ പേരുകൾ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉടൻ തന്നെ കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

