രാജസ്ഥാനിൽ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല, 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല; സിജെപി പരിശോധനയ്ക്ക് പിന്നാലെ കണക്കുകൾ പുറത്ത്

22 August 2026
രാജസ്ഥാനിൽ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല, 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല; സിജെപി പരിശോധനയ്ക്ക് പിന്നാലെ കണക്കുകൾ പുറത്ത്

ജയ്പൂർ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തമായി കെട്ടിടങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ രേഖകൾ. സിജെപി (കോക്ക്‌റോച്ച് ജനതാ പാർട്ടി) നടത്തിയ പരിശോധനകൾക്കും തുടർന്നുണ്ടായ രാഷ്ട്രീയ തർക്കങ്ങൾക്കും പിന്നാലെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നത്. കെട്ടിടമില്ലാതെ താത്കാലിക സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന 611 സ്‌കൂളുകളിൽ 10 എണ്ണം പെൺകുട്ടികളുടെ സ്‌കൂളുകളാണ്.

തലസ്ഥാനമായ ജയ്പൂരിൽ മാത്രം 38 സ്‌കൂളുകൾക്ക് സ്വന്തമായി കെട്ടിടമില്ല. പെൺകുട്ടികൾക്കായി കെട്ടിടമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ രണ്ടെണ്ണം വീതം ജയ്പൂരിലും അൽവാറിലും ബാർമർ, ചുരു, ദുൻഗർപൂർ, കരൗളി, കോട്ട, രാജ്സമന്ദ് എന്നിവിടങ്ങളിലുമാണ് ഉള്ളത്. ഇതുകൂടാതെ, 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ലെന്നും 1,049 ഇടങ്ങളിൽ കുടിവെള്ള സൗകര്യമില്ലെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ജയ്പൂരിനടുത്തുള്ള ബഗ്രുവിലുള്ള ഒരു സർക്കാർ സ്‌കൂളിൽ പരിശോധന നടത്താൻ പോകുന്നതിനിടെയാണ് സിജെപി സഹ-കൺവീനർ അശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കപ്പെട്ടത്.