തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള മംഗലാപുരം മേഖലയെ ഒഴിവാക്കി ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നു.
വരുന്ന ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്കാരം പാലക്കാട് ഡിവിഷന്റെയും സംസ്ഥാനത്തെ റെയിൽവേ വികസനത്തിന്റെയും നട്ടെല്ലൊടിക്കുന്നതാണെന്ന് രാഷ്ട്രീയ നേതാക്കളും എംപിമാരും കുറ്റപ്പെടുത്തി.
പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗലാപുരം സെൻട്രൽ, മംഗലാപുരം ജങ്ഷൻ, മംഗലാപുരം പോർട്ട് (പനമ്പൂർ) ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് മൈസൂരു ഡിവിഷന്റെ ഭാഗമാകുന്നത്.
ചരക്കുനീക്കത്തിലൂടെയും ടിക്കറ്റ് വരുമാനത്തിലൂടെയും പാലക്കാട് ഡിവിഷന് ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തിൽ 60 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പനമ്പൂർ ഗുഡ്സ് യാർഡ് നഷ്ടപ്പെടുന്നത് സാമ്പത്തിക തിരിച്ചടിയാകും.
സംസ്ഥാന സർക്കാരുമായി യാതൊരു ചർച്ചയും നടത്താതെ എടുത്ത തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയയ്ക്കുമെന്നും സംസ്ഥാനത്തെ എംപിമാരെ ഏകോപിപ്പിച്ച് ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.
പാലക്കാട് ഡിവിഷനെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.
റെയിൽവേയുടെ മലബാർ മേഖലയോടുള്ള അവഗണനയുടെ തുടർച്ചയാണിതെന്നും, തീരുമാനം തിരുത്തുന്നതുവരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അറിയിച്ചു.
കേരളത്തിന്റെ റെയിൽവേ വികസനത്തെയും പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനെയും ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.

