കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി കേരള ഹൈക്കോടതി. വാഹനങ്ങളിൽ വരുത്തുന്ന ഓരോ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും കോടതി കർശന നിർദേശം നൽകി. അനധികൃത വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഈ പ്രഖ്യാപനം.
മോട്ടോർ വാഹന നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകൾക്ക് പുറമെയുള്ള യാതൊരുവിധ മോഡിഫിക്കേഷനുകളും റോഡിലിറങ്ങുന്ന വാഹനങ്ങളിൽ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
റോഡുകളിൽ ഭീഷണിയാകുന്ന വീതിയേറിയ ടയറുകൾ, ശബ്ദമലിനീകരണവും അപകടവും ഉണ്ടാക്കുന്ന തീ തുപ്പുന്ന എക്സ്ഹോസ്റ്റുകൾ, ഹെഡ്ലൈറ്റുകളിലെയും മറ്റും തീവ്രതയേറിയ ലൈറ്റുകൾ, എൽ.ഇ.ഡി സ്ട്രിപ്പുകൾ എന്നിവയ്ക്കെതിരെ നടപടിയുണ്ടാകും.

