പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ

25 August 2026
പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ

തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ സിപിഐ കടുത്ത ഭാഷയിൽ രംഗത്തെത്തി.

സിപിഐ മുഖപത്രത്തിൽ പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

താൻ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്ന് സത്യൻ മൊകേരി ചൂണ്ടിക്കാട്ടി. യജമാനനും ഭൃത്യനും തമ്മിലുള്ള ബന്ധമല്ല മുന്നണി രാഷ്ട്രീയമെന്നും, പ്രതിപക്ഷ നേതാവിന്റെ സമീപനം മുന്നണി മര്യാദകളുടെയും ധാർമ്മികതയുടെയും തികഞ്ഞ ലംഘനമാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

പ്രതിപക്ഷ ഉപനേതാവിനെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ വിഷയമാണ്. അതിൽ പ്രതിപക്ഷ നേതാവിന് സ്വന്തം നിലയിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് മുന്നണിയിലെ കൂട്ടായ പ്രവർത്തനത്തിനായാണ് സിപിഐ ഉപനേതൃപദവി മുന്നോട്ടുവെച്ചത്. ഇത് വിവിധ തലങ്ങളിൽ ചർച്ചയിലായിരിക്കെയാണ്, സിപിഎം നേതാവിന്റെ പേര് നൽകുമെന്ന് പിണറായി വിജയൻ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്.