കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ. പ്രളയത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 22 ആയി ഉയർന്നു. കാണാതായ 384 പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കാണാതായവരിൽ 105 ഇന്ത്യക്കാരും 32 പോലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു.
നേപ്പാൾ ടൂറിസം ബോർഡിന്റെ വിവരമനുസരിച്ച് ദുരന്തബാധിത മേഖലയിലുണ്ടായിരുന്ന നിരവധി വിനോദസഞ്ചാരികളെ കുറിച്ച് നിലവിൽ യാതൊരു വിവരവുമില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിതമായി രക്ഷപ്പെടുത്തി.
നേപ്പാളിലെ പ്രളയസാഹചര്യം മുൻനിർത്തി അയൽ സംസ്ഥാനങ്ങളായ ബീഹാറിലും ഉത്തർപ്രദേശിലും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ അടിയന്തര യോഗങ്ങൾ ചേർന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ഇതിനിടെ, അയൽരാജ്യമായ നേപ്പാളിന് ആവശ്യമായ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഉടൻ എത്തിച്ചുനൽകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ത്യക്കാരെ സഹായിക്കുന്നതിനായി നേപ്പാളിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ (+977 985 131 6807, +977 970 910 7500) തുറന്നു.

