നേപ്പാൾ പ്രളയം: 36 മലയാളികൾ അപകടമേഖലയിൽ; സഹായത്തിനായി അടിയന്തര ഹെൽപ്പ് ലൈനുകൾ തുറന്നു

26 August 2026
നേപ്പാൾ പ്രളയം: 36 മലയാളികൾ അപകടമേഖലയിൽ; സഹായത്തിനായി അടിയന്തര ഹെൽപ്പ് ലൈനുകൾ തുറന്നു

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ. പ്രദീപ് അടങ്ങുന്ന 36 അംഗ മലയാളി ടൂറിസ്റ്റ് സംഘവും അപകടമേഖലയിൽ കുടുങ്ങി. എന്നാൽ ഇവർ നിലവിൽ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരം.

പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ചീഫ് സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ ഹെൽപ്പ് ലൈൻ വിവരങ്ങൾ:

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കുമായി സംസ്ഥാന സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും അടിയന്തര ഹെൽപ്പ് ലൈനുകൾ ആരംഭിച്ചു.

  • ടോൾ ഫ്രീ നമ്പർ: 1070
  • മുഖ്യമന്ത്രിയുടെ ഓഫീസ് ഹെൽപ്പ് ലൈൻ: 9447111844, 9747132147

നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ സാധിക്കാത്ത കുടുംബാംഗങ്ങൾക്ക് 9447111844, 9747132147 എന്നീ നമ്പറുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

1070 എന്ന നമ്പറിൽ നൽകേണ്ട വിവരങ്ങൾ:

പ്രളയം ബാധിച്ചതായി സംശയിക്കുന്ന മലയാളികളെക്കുറിച്ച് 1070 എന്ന നമ്പറിൽ വിവരമറിയിക്കുമ്പോൾ നൽകേണ്ട വിവരങ്ങൾ:

  • വ്യക്തിയുടെ പേര്
  • യാത്ര ചെയ്ത തീയതി
  • അപകടമേഖലയിൽ എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി
  • ഏറ്റവും ഒടുവിൽ ബന്ധപ്പെടാൻ സാധിച്ച തീയതി
  • കൈവശമുള്ള മൊബൈൽ നമ്പർ
  • യാത്ര ഏകോപിപ്പിച്ച ഏജൻസിയുടെ പേര്

ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനങ്ങൾ വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.