ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ആറായി. പുലർച്ചെയോടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണിത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.
സംഭവത്തെക്കുറിച്ച് വിശദമായ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. ദുരന്തത്തിന് പിന്നാലെ ഒളിവിൽ പോയ കെട്ടിട ഉടമയ്ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള ‘ഡെയ്സ് ഹോസ്റ്റൽ’ തകർന്നു വീണത്. ആൺകുട്ടികൾ താമസിച്ചിരുന്ന ഈ ഹോസ്റ്റലിൽ അപകടസമയത്ത് നാൽപ്പതോളം പേർ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ആകെ 75 അന്തേവാസികളുള്ള ഇവിടെ അവധി ദിവസമായതിനാൽ ഭൂരിഭാഗം പേരും നാട്ടിലേക്ക് പോയിരുന്നു.
എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ് സേനകൾ പ്രദേശവാസികളുമായി ചേർന്ന് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വലിയ കോൺക്രീറ്റ് പാളികൾ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുക്കുന്നത്. പരിക്കേറ്റവരെ എയിംസ് (AIIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
കെട്ടിടത്തിന്റെ പഴക്കവും ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കനത്ത മഴയുമാണ് അപകടത്തിന് പ്രാഥമിക കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടൊപ്പം, ദുർബലമായ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിർമ്മാണ പ്രവൃത്തികൾ നടന്നിരുന്നതായും പ്രദേശവാസികൾ വെളിപ്പെടുത്തി.
അപകട ഭീഷണയിലായ തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ പൂർണ്ണമായി ഒഴിപ്പിച്ചിട്ടുണ്ട്.

