ബ്രിക്സ് ഉച്ചകോടി: ദില്ലിയിൽ കനത്ത സുരക്ഷ

8 September 2026
ബ്രിക്സ് ഉച്ചകോടി: ദില്ലിയിൽ കനത്ത സുരക്ഷ

ദില്ലി: ആഗോള നേതാക്കൾ അണിനിരക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യതലസ്ഥാനം ഒരുങ്ങുന്നു. സെപ്തംബർ 12, 13 തീയതികളിൽ ദില്ലിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷയും വിപുലമായ ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ദില്ലിയിലെത്തിച്ചേരും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദില്ലി പൊലീസ് വിശദമായ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

മാർക്കറ്റുകൾ, മെട്രോ/റെയിൽവേ സ്റ്റേഷനുകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.

ഉപേക്ഷിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ ബാഗുകളോ മറ്റ് വസ്തുക്കളോ കണ്ടാൽ യാതൊരു കാരണവശാലും തൊടരുത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കണം. അപരിചിതർക്ക് കൃത്യമായ രേഖ പരിശോധനയില്ലാതെ താമസസൗകര്യമോ ജോലിയോ നൽകരുത്. ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും സന്ദർശകരുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കണം. വീട്ടുജോലിക്കാർ, വാടകക്കാർ എന്നിവരുടെ പൊലീസ് വേരിഫിക്കേഷൻ പൂർത്തിയാക്കണം.

ഉച്ചകോടി വേദികൾ, വിഐപി റൂട്ടുകൾ, സുരക്ഷാ പ്രാധാന്യമുള്ള മേഖലകൾ എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് കർശനമായി വിലക്കി.

നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത തിരിച്ചുവിടലുകൾ ഉള്ളതിനാൽ യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്നവർ അധിക സമയം കണക്കാക്കി നേരത്തെ യാത്രതിരിക്കണം. റോഡ് ഗതാഗതത്തിന് പകരം പരമാവധി മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ നിർദേശമുണ്ട്. നിയന്ത്രിത മേഖലകളിലും അനുമതിയില്ലാത്ത ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. റോഡുകളിൽ ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.