കർണാടകയിലെ ആമസോൺ വെയർഹൗസുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: 6 കോടിയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മരുന്നുകളും പിടിച്ചെടുത്തു

8 September 2026
കർണാടകയിലെ ആമസോൺ വെയർഹൗസുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: 6 കോടിയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മരുന്നുകളും പിടിച്ചെടുത്തു

ബെംഗളൂരു: കർണാടകയിലെ ആമസോൺ വെയർഹൗസുകളിലും അനുബന്ധ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ കാലാവധി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യോൽപ്പന്നങ്ങളും മരുന്നുകളും പിടിച്ചെടുത്തു. വിവിധ ഗോഡൗണുകളിൽ നിന്നായി ആകെ ആറ് കോടി രൂപയുടെ അനധികൃത ഉൽപ്പന്നങ്ങളാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്.

കാലാവധി കഴിഞ്ഞതും കൃത്യമായ ലേബലിംഗ് ഇല്ലാത്തതുമായ രണ്ട് കോടിയിലധികം രൂപയുടെ ഭക്ഷ്യവസ്തുക്കൾ ദേവനഹള്ളി ഗോഡൗൺ ശേഖരത്തിൽ നിന്ന് അധികൃതർ പിടിച്ചെടുത്തു. കൂടാതെ, യാതൊരുവിധ ലൈസൻസുമില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ മരുന്നുകളും, കാലാവധി തീയതി രേഖപ്പെടുത്താത്ത 14 ലക്ഷം രൂപയുടെ മറ്റ് ഉൽപ്പന്നങ്ങളും കസ്റ്റഡിയിലെടുത്തവയിൽ ഉൾപ്പെടുന്നു.

മഡിവാളയിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ നാല് കോടിയുടെ നിയമവിരുദ്ധ ഉൽപ്പന്നങ്ങളാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. ഇതിൽ 13 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകളും ഉൾപ്പെടുന്നു.

ഇതിനുപുറമേ ലിയോ 7, സപ്ത ബാസാർ ഇൻസ്മാർട്ട് എന്നീ അനുബന്ധ വിതരണ സ്ഥാപനങ്ങളിലും പരിശോധന നടന്നു. ലിയോ 7-ൽ നിന്ന് മാത്രം ഒന്നര കോടി രൂപയുടെ പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. കാലാവധി കഴിഞ്ഞ മുട്ട, പനീർ, കശുവണ്ടി, ബിസ്കറ്റ് തുടങ്ങിയ പ്രമുഖ ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു.