ന്യൂഡൽഹി: ബ്രിക്സ് (BRICS) ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധം, ഊർജ്ജ സുരക്ഷ, വ്യാപാര വിപുലീകരണം എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.
2022 ഫെബ്രുവരിയിൽ യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയ്ക്ക് പുറത്ത് നടക്കുന്ന ഒരു ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമായാണ്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി (ഏകദേശം 10,000 കോടി ഡോളർ) ഉയർത്താൻ കൂടിക്കാഴ്ചയിൽ തീരുമാനമായി.
വ്യവസായ സഹകരണം, റെയിൽവേ, ടണലിംഗ്, സ്റ്റീൽ ഉത്പാദനം, സിവിൽ ന്യൂക്ലിയർ സാങ്കേതികവിദ്യ, വളം വിതരണം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം ശക്തമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടാതെ, ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം റഷ്യയിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും സംസാരിച്ചു.
യുക്രൈൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് നയതന്ത്രത്തിലൂടെ സമാധാനത്തിലേക്ക് നീങ്ങണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു.

