ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനി തകർന്ന് മൂന്ന് പേർ മരിച്ചു. ധൻബാദിലെ രാംകനാലി ഓപി പ്രദേശത്തിന് സമീപം ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
തൊഴിലാളികൾ കൽക്കരി ശേഖരിച്ചുകൊണ്ടിരിക്കെ ഖനിയുടെ മുകൾഭാഗം പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽപെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതിനകം പുറത്തെടുത്തു. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ.
സുരക്ഷാഭീഷണിയുള്ളതായി ചൂണ്ടിക്കാണിച്ച് കോടതി ഈ ഖനിയുടെ പ്രവർത്തനം തടഞ്ഞിരുന്നതാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. എന്നാൽ കോടതി ഉത്തരവുകളെയും സുരക്ഷാ മാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്തിയാണ് ഖനി വീണ്ടും പ്രവർത്തിപ്പിച്ചിരുന്നത്.

