സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷണം പോയ സംഭവം: പിന്നിൽ പോലീസുകാരനെന്ന് സൂചന

14 September 2026
സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷണം പോയ സംഭവം: പിന്നിൽ പോലീസുകാരനെന്ന് സൂചന

സുൽത്താൻബത്തേരി: പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക് ഹാൻസ് മോഷണം പോയ സംഭവത്തിൽ പോലീസുകാരൻ തന്നെ പ്രതിയെന്ന് സൂചന. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണെന്നാണ് വിവരം.

സ്റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ പൂട്ടിസൂക്ഷിച്ചിരുന്ന ഹാൻസ് ചാക്കുകൾ രാത്രിയിലാണ് കടത്തിക്കൊണ്ടുപോയത്. മോഷണത്തിന് പിന്നിൽ പോലീസുകാരന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.

അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.