നിലമ്പൂരിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു; ഷെഡ് പൂർണമായും തകർന്നു

16 September 2026
നിലമ്പൂരിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു; ഷെഡ് പൂർണമായും തകർന്നു

നിലമ്പൂർ: വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഷെഡ് പൂർണമായും തകർന്നു. സിലിൻഡർ വീടിന് പുറത്തെ ഷെഡ്ഡിൽ സ്ഥാപിച്ചിരുന്നതിനാലും അയൽവാസികൾ കൃത്യസമയത്ത് വിവരമറിയിച്ചതിനാലും ആളപായമോ മറ്റ് വലിയ അപകടങ്ങളോ ഒഴിവാകുകയായിരുന്നു.

നിലമ്പൂർ മണലോടി റോഡിലെ ‘രാജസൂയ’ത്തിൽ മുൻ എക്സൈസ് കമ്മീഷണർ പി.വി. മുരളീകുമാറിന്റെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.

പുലർച്ചെ ഷെഡ്ഡിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഉടൻതന്നെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വൻ ശബ്ദത്തോടെ സിലിൻഡർ പൊട്ടിത്തെറിക്കുകയുമായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന പുലർച്ചെ രണ്ടരയോടെ തീ പൂർണമായും അണച്ചു.