ബെംഗളൂരു: ബെംഗളൂരു ജെപി നഗറിൽ ആളുകൾ നോക്കിനിൽക്കേ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിക്കുകയും ആസിഡൊഴിക്കുകയും ചെയ്തു. ജെപി നഗർ തേർഡ് ഫേസിലെ നാരായണ ക്ലിനിക്കിലെ നഴ്സും കൊൽക്കത്ത സ്വദേശിയുമായ മധുമിതയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ തമിഴ്നാട് മധുരൈ സ്വദേശിയായ ഭർത്താവ് വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ പ്രഭാതഭക്ഷണത്തിനായി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ മധുമിതയെ ബൈക്കിലെത്തിയ വെങ്കടേഷ് പിന്തുടരുകയായിരുന്നു. ഭർത്താവ് പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട മധുമിത രക്ഷപ്പെടാനായി ക്ലിനിക്കിന്റെ പാർക്കിംഗ് മേഖലയിലേക്ക് ഓടിക്കയറി. എന്നാൽ പിന്തുടർന്നെത്തിയ വെങ്കടേഷ് മധുമിതയെ നിലത്തുതള്ളി വീഴ്ത്തിയ ശേഷം കൈയിൽ കരുതിയ ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിച്ചു.
മധുമിതയെ രക്ഷിക്കാൻ നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇയാൾ നാട്ടുകാർക്ക് നേരെയും ആക്രമണത്തിന് മുതിർന്നു. തുടർന്ന് നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ ട്രാഫിക് പൊലീസുകാരാണ് വെങ്കടേഷിനെ ഓടിച്ചിട്ടു പിടികൂടി സ്റ്റേഷനിലേക്ക് മാറ്റിയത്.
2024-ലാണ് മധുമിതയും വെങ്കടേഷും വിവാഹിതരായത്. എന്നാൽ ഭാര്യയോടുള്ള സംശയം കാരണം ഇരുവരും കഴിഞ്ഞ ഒരു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു. മുൻപ് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന വെങ്കടേഷ് കുടുംബവഴക്കിനെ തുടർന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ മധുമിതയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

