തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് എംഎൽഎ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം അച്ചടക്കരഹിതമായ സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവർക്കും മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഹസൻ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി.
പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കരുതെന്ന് രമ്യ ഹരിദാസിന് കെപിസിസി കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, മണ്ഡലം കമ്മിറ്റിയും എംഎൽഎയും പരസ്പര യോജിപ്പോടെ മുന്നോട്ട് പോകണമെന്നും നിർദേശിച്ചു. വിഷയത്തിൽ ഇനി പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്നും ഇരുവിഭാഗവും നിലവിൽ നൽകിയിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
അതേസമയം, ചിറയിൻകീഴിലെ തർക്കങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നതിനായി സമിതിയെ കെപിസിസി ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലോട് രവി, എം. വിൻസെന്റ്, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് സമിതിയിലുള്ളത്. ഇരുപക്ഷത്തെയും ചർച്ചകളിലൂടെ സമവായത്തിലെത്തിക്കാനും ഇരുവിഭാഗവും നൽകിയ കേസുകൾ പിൻവലിപ്പിക്കാനുമാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.

