“സൗഹൃദവും ഭീകരവാദവും ഒരുമിച്ച് പോകില്ല”; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ

27 September 2026
“സൗഹൃദവും ഭീകരവാദവും ഒരുമിച്ച് പോകില്ല”; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ പൊതുസഭയിൽ അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയും പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾക്കെതിരെയും ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭീകരവാദത്തിന് സുരക്ഷിത താവളമൊരുക്കുന്ന ഭരണകൂടങ്ങളെ ലോകരാഷ്ട്രങ്ങൾ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

“സ്ഥിരമായി ഭീകരവാദം നടപ്പിലാക്കുന്ന ഒരു രാജ്യം ഇന്നലെ ഈ സഭയിൽ വസ്തുതകളെ വളച്ചൊടിച്ച് ഭീകരവാദത്തെ സാധാരണവൽക്കരിക്കാൻ ശ്രമിച്ചു. സൗഹൃദവും ഭീകരവാദവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുക തന്നെ ചെയ്യും,” ജയശങ്കർ വ്യക്തമാക്കി.

ഭരണകൂട പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘങ്ങളെ ഇല്ലാതാക്കാനും ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായങ്ങൾ കണ്ടെത്തി തടയാനും ആഗോളസമൂഹം ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.