വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി

1 October 2026
വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി

ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർധനവ്. 19 കിലോഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വർധനവോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി ഉയർന്നു. ചെന്നൈയിൽ സിലിണ്ടറിന് 66.50 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

രാജ്യം നവരാത്രി അടക്കമുള്ള ഉത്സവ സീസണുകളിലേക്ക് കടക്കാനിരിക്കെയാണ് ഈ വിലവർധനവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഓഗസ്റ്റിൽ വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നെങ്കിലും, തുടർന്നിങ്ങോട്ട് തുടർച്ചയായ രണ്ടാം മാസമാണ് നിരക്ക് വർധിപ്പിക്കുന്നത്.

ഉത്സവകാലത്തെ നിരക്കുവർധന രാജ്യമെമ്പാടുമുള്ള ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളെയും കാറ്ററിംഗ് സ്ഥാപനങ്ങളെയും ചെറുകിട വാണിജ്യ സംരംഭങ്ങളെയും പ്രതികൂലമായി ബാധിക്കും. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല.