ന്യൂഡൽഹി: രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ അട്ടിമറിയാണ് സംഭവിച്ചതെന്നും അതിനാൽ ലോക്സഭയും മുഴുവൻ സംസ്ഥാന നിയമസഭകളും പിരിച്ചുവിടണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിനെതിരായ കടന്നാക്രമണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഖാർഗെ ഡൽഹിയിൽ ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പൂർണ്ണമായി തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നുള്ള കൂട്ടുകെട്ട് വികസന ഏജൻസികളെയും അന്വേഷണ ഏജൻസികളെയും സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യത്തെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
അട്ടിമറികളിലൂടെയും ക്രമക്കേടുകളിലൂടെയുമാണ് കേന്ദ്ര സർക്കാർ അധികാരത്തിൽ തുടരുന്നത്. നരേന്ദ്ര മോദി നിയമവിരുദ്ധമായ പ്രധാനമന്ത്രിയും അമിത് ഷാ നിയമവിരുദ്ധമായ ആഭ്യന്തരമന്ത്രിയുമാണെന്ന് അഭിപ്രായപ്പെട്ട ഖാർഗെ, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം വീണ്ടെടുക്കാൻ ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങുക മാത്രമാണ് വഴിയെന്നും കൂട്ടിച്ചേർത്തു.

