ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം: 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

4 October 2026
ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം: 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ-മരഞ്ചാട്ടി റോഡിൽ ബദാംചുവട് ഇറക്കത്തിൽ ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.

കാളികാവ് കൂരാട് മാളിയേക്കൽ കൂളിപറമ്പൻ ഷഹിൻഷാ-ഷിഫ ദമ്പതിമാരുടെ ഏക മകൻ ആമിഷ് ആദം ആണ് മരണപ്പെട്ടത്.

വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ സന്ദർശിച്ച് തിരികെ മടങ്ങുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുത്തനെ ഇറക്കമുള്ള ബദാംചുവട് ഭാഗത്തുവെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികൾ സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനമാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്.