പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ

10 October 2026
പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ

കോഴിക്കോട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിലായി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി രാജേഷാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം നടന്നത്. താമരശ്ശേരി പരപ്പൻപൊയിലിൽ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് ബസിനുള്ളിൽ അതിക്രമമുണ്ടായത്. നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയ ബസ് മണ്ണിൽകടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു പ്രതി മോശമായി പെരുമാറിയത്.

അതിക്രമം സഹിക്കവയ്യാതെ പെൺകുട്ടി ഉറക്കെ ബഹളം വെക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് ബസ് നിർത്തിയ ഉടൻ പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.