പാലക്കാട്: വ്യക്തിപരമായ ആരോപണങ്ങളെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ ഇ.എൻ. സുരേഷ്ബാബുവിനെതിരെ സിപിഎം വിശദമായ അന്വേഷണത്തിനും പാർട്ടി തല നടപടികൾക്കും ഒരുങ്ങുന്നു. ഡിജിറ്റൽ തെളിവുകൾ സഹിതം ഒരു അഭിഭാഷക നൽകിയ പരാതിയിലാണ് പാർട്ടിയുടെ ഈ നീക്കം.
സംഘടനാ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പാർട്ടി ഓഫിസിൽ വച്ച് മോശമായി പെരുമാറിയെന്നും, കഴിഞ്ഞ ഒരു വർഷമായി ഫോണിലൂടെ തുടർച്ചയായി ശല്യപ്പെടുത്തിയെന്നുമാണ് യുവതി പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിന് പുറമേ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരിൽക്കണ്ടും യുവതി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാർട്ടി തലത്തിൽ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വിഷയം മറ്റു നിയമപരമായ വഴികളിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്നും യുവതി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഡിജിറ്റൽ തെളിവുകൾ അടക്കം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം വിഷയം പരിഗണിക്കുന്നത്.

