പഞ്ചാബിൽ ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

5 October 2026
പഞ്ചാബിൽ ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

കടുത്തുരുത്തി: പഞ്ചാബിൽ പഠനയാത്രയ്ക്കുപോയ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ രണ്ടാം വർഷ എം.ബി.എ. ലോജിസ്റ്റിക്‌സ് വിദ്യാർഥിനി കടുത്തുരുത്തി പൂഴിക്കോൽ കൊരക്കാലായിൽ ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. അപകടത്തിൽ ജോസ്‌ന ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു.

പഞ്ചാബിലെ ജലന്ധറിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. സർവകലാശാലയിൽനിന്ന് പഠനയാത്ര പുറപ്പെട്ട വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽനിന്ന് പുറത്തേക്ക് തെറിച്ച് വീണ ജോസ്‌ന ഉൾപ്പെടെയുള്ളവരുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.