ലഖ്നൗ: പട്നയിൽ നിന്ന് ലഖ്നൗവിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റതിനെ തുടർന്ന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു.
ഏകദേശം 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് ഇടിമിന്നലേറ്റത്. വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് നിശ്ചിത സമയത്തിനും എട്ട് മിനിറ്റ് മുൻപേ വിമാനം ലഖ്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

