ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരം ഇന്ന് ദില്ലിയിൽ നടക്കും. രാവിലെ 10 മണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാൻ സിജെപി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആഹ്വാനം നൽകിയിട്ടുണ്ട്. ഇടത് വിദ്യാർഥി സംഘടനകളും ആം ആദ്മി പാർട്ടിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് നേതൃത്വം നൽകാനായി എത്തുന്ന സിജെപി നേതാക്കളെ വിമാനത്താവളത്തിൽ വെച്ചുതന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചനകൾ.
സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ തുടങ്ങിയവർ ദില്ലി വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനമെങ്കിലും, വിമാനത്താവളത്തിൽ വച്ചുതന്നെ തങ്ങളെ അറസ്റ്റ് ചെയ്തേക്കാമെന്ന് നേതാക്കൾ പ്രതികരിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക, എസ്.ഐ.ആർ നടപടികൾ അടിയന്തരമായി മരവിപ്പിച്ച് 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023 ലെ നിയമം തിരുത്തി കമ്മീഷന്റെ ഘടനയിൽ സമഗ്രമായ പരിഷ്കരണം വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെക്കുന്നത്.
അതേസമയം, സമരത്തെ നേരിടാൻ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്. ദില്ലി പൊലീസിനും അർധസൈനിക വിഭാഗങ്ങൾക്കും പുറമേ കേന്ദ്രസേനയെയും രാജ്യതലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള പ്രവേശന വഴികൾ പൂർണ്ണമായി ബാരിക്കേഡ് വെച്ച് അടച്ചു. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി നിരവധി മെട്രോ സ്റ്റേഷനുകളും താൽക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ സുരക്ഷ മുൻനിർത്തി ജന്തർ മന്തറിന് ചുറ്റുമുള്ള മേഖലകളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

