ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ വൻ തോതിൽ അറസ്റ്റും കസ്റ്റഡിയും. ജന്തർ മന്തറിലേക്ക് നടത്താനിരുന്ന മാർച്ചിൽ പങ്കെടുക്കാനെത്തിയ സി.ജെ.പി നേതാക്കൾ, സിപിഎം അടക്കമുള്ള ഇടതുപാർട്ടി നേതാക്കൾ, ആംആദ്മി പാർട്ടി പ്രവർത്തകർ എന്നിവരെയാണ് ദില്ലി പൊലീസ് വ്യാപകമായി കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ഇടതുപക്ഷ പാർട്ടികളിലെയും ആംആദ്മി പാർട്ടിയിലെയും പ്രമുഖ നേതാക്കൾ പൊലീസ് കസ്റ്റഡിയിലാണ്. സിപിഎം നേതാക്കളായ പിണറായി വിജയൻ, എം. എ. ബേബി, എം. വി. ഗോവിന്ദൻ, പി. കെ. ശ്രീമതി, കെ. കെ. ശൈലജ എന്നിവരെയും എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെയും സംഭവസ്ഥലത്ത് നിന്ന് പൊലീസ് നീക്കി. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ വിവിധ ആക്ടിവിസ്റ്റുകളെയും പ്രവർത്തകരെയും ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനങ്ങളിൽ കയറ്റി മാറ്റിയത്.
അതിനിടെ, പ്രതിഷേധത്തിന്റെ പ്രധാന സംഘാടകനും സി.ജെ.പി സ്ഥാപകനുമായ അഭിജീത് ദീപ്കെയെ വിമാനത്തിൽ വെച്ചാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തോടൊപ്പം യാത്രയിലുണ്ടായിരുന്ന സി.ജെ.പി കോ-കൺവീനർ അശുതോഷ് റാങ്കെ, വക്താവ് സൗരവ് ദാസ് എന്നിവരെയും വിമാനത്തിനുള്ളിൽ വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

