പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക് എന്ന ധാരണ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ന് 40 വയസിന് താഴെയുള്ള യുവാക്കളിലും സ്ട്രോക്ക് കേസുകൾ വർധിച്ചുവരികയാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തികച്ചും ആരോഗ്യവാനായ ഒരു 34-കാരൻ പക്ഷാഘാതം വന്ന് മരണത്തിന്റെ വക്കോളമെത്തിയ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ. പ്രിയം ബോർദോലോയ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) അദ്ദേഹം ഈ സംഭവം വ്യക്തമാക്കിയത്.
ആരോഗ്യവാനായ യുവാവ്; ഒടുവിൽ അപ്രതീക്ഷിത ദുരന്തം
അമിതഭാരമില്ലാത്ത, ശാരീരികമായി ഏറെ സജീവമായ ഒരു വ്യക്തിയായിരുന്നു ആ 34-കാരൻ. ആഴ്ചാവസാനങ്ങളിൽ അഞ്ച് കിലോമീറ്റർ വരെ ഓടുന്ന ശീലമുണ്ടായിരുന്ന ഇയാൾക്ക് പ്രമേഹമോ, ഉയർന്ന രക്തസമ്മർദമോ, പുകവലി പോലുള്ള മറ്റ് മോശം ശീലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഒരു ദിവസം വൈകുന്നേരം കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആ മെഡിക്കൽ എമർജൻസി ഉണ്ടായത്.
തിരിച്ചറിയാം ഈ ലക്ഷണങ്ങൾ
കാഴ്ച മങ്ങുകയും കടുത്ത തലകറക്കം അനുഭവപ്പെടുക, തൊട്ടുപിന്നാലെ മുഖത്തിന്റെ ഒരു വശം കോടിപ്പോവുക, കൈയ്ക്ക് പൂർണമായും തളർച്ച അനുഭവപ്പെട്ടുക, സംസാരിക്കാൻ ശ്രമിക്കുമ്പോൾ വിക്കി വിക്കി സംസാരിക്കാനാവാതിരിക്കുക.
ഈ ലക്ഷണങ്ങൾ കണ്ട് പക്ഷാഘാതമാണെന്ന് തിരിച്ചറിഞ്ഞ ഭാര്യ ഒട്ടും സമയം കളയാതെ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.
കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഒരേ ഇരിപ്പിരിക്കുന്നതും, ആവശ്യത്തിന് വെള്ളം കുടിക്കാത്തതും, അമിതമായ മാനസിക സമ്മർദ്ദവുമൊക്കെയാകാം പലപ്പോഴും ഇത്തരം നിസാര ശീലങ്ങളിലൂടെ യുവാക്കളിൽ സട്രോക്കിലേക്ക് നയിക്കുന്നത്.

