11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

8 July 2026
11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബരായിപുരിൽ 11 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. കേസിൽ അറസ്റ്റിലായ പ്രകാശ് മൊണ്ടാൽ ആണ് കൊല്ലപ്പെട്ടത്.

കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൂട്ടുകാരിയുടെ ജന്മദിനത്തിന് സമ്മാനം വാങ്ങാനായി ശനിയാഴ്ച വീട്ടിൽ നിന്നും പുറത്തുപോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിലെ പ്രധാന പ്രതിയായ ആനന്ദ സർദാർ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.