തൃശ്ശൂർ: മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ പോലീസ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (MVD) ഇൻസ്‌പെക്ടർക്കെതിരെ പ്രതികാര നടപടിയുമായി വടക്കാഞ്ചേരി പോലീസ്.
തൃശ്ശൂർ മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ പി.വി. ബിജുവിനെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.
പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും, പരിശോധനയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാർത്തകളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കേരള പോലീസിനെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ബിജുവിനെതിരെയുള്ള കുറ്റം.
കേസെടുത്തതിന് പിന്നാലെ ഇൻസ്‌പെക്ടർ പി.വി. ബിജുവിനെ അറസ്റ്റുചെയ്യാനായി ചൊവ്വാഴ്ച വൈകീട്ടോടെ വടക്കാഞ്ചേരി പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
കേസിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും, പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും വടക്കാഞ്ചേരി എസ്.എച്ച്.ഒ. വി.എസ്. മുരളീധരൻ വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പും പോലീസും തമ്മിലുള്ള ഈ അസാധാരണ പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

