ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യത്തെ അത്യാധുനിക ഹൈഡ്രജൻ-പവർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
കാർബൺ മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്ന ക്ലീൻ എനർജി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. പരിസ്ഥിതി സൗഹൃദമെന്നതിനൊപ്പം സാധാരണക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കുകളാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ ആകർഷണം.
പല റെയിൽവേ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ഇനി ഹൈഡ്രജൻ ട്രെയിനിൽ യാത്ര ചെയ്യാം. 5 രൂപ മുതൽ 25 രൂപ വരെയാണ് ഈ അത്യാധുനിക ട്രെയിനിലെ യാത്രാ നിരക്കുകൾ.
ഹരിയാനയിലെ ജിൻഡിനും സോനിപത്തിനുമിടയിലുള്ള 90 കിലോമീറ്റർ ദൂരത്തിലാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്നത്.ഈ റൂട്ടിൽ ആകെ 11 സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.പ്രതിദിനം ഏകദേശം 2,600 യാത്രക്കാർക്ക് ഈ ട്രെയിനിലൂടെ സഞ്ചരിക്കാനാകും.
പല വിദേശ രാജ്യങ്ങളിലും ഓടുന്ന ഹൈഡ്രജൻ ട്രെയിനുകൾക്ക് കേവലം 2 മുതൽ 3 വരെ കോച്ചുകൾ മാത്രമുള്ളപ്പോൾ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ട്രെയിനിന് 10 കോച്ചുകളുണ്ട്. കൂടുതൽ നീളമുള്ളതും ശേഷിയുള്ളതുമാണ് ഇന്ത്യയുടെ ഈ അഭിമാന സംരംഭം.
110 കിലോമീറ്ററാണ് ട്രെയിനിന്റെ ഡിസൈൻ സ്പീഡ് എങ്കിലും, നിലവിൽ ജിൻഡ്-സോനിപത് സെക്ഷനിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക.
ഡീസൽ ട്രെയിനുകൾ കറുത്ത പുക പുറന്തള്ളുമ്പോൾ, ഹൈഡ്രജൻ ട്രെയിൻ ഉപോൽപ്പന്നമായി നീരാവി മാത്രമാണ് പുറത്തുവിടുന്നത്.
ട്രെയിൻ ഓടിക്കാൻ ആവശ്യമായ ഗ്രീൻ ഹൈഡ്രജൻ ജിൻഡിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക പ്ലാന്റിൽ നിന്നാണ് ലഭ്യമാക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആധുനിക സുരക്ഷാ സംവിധാനങ്ങളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.

