ഓണം കളറാക്കാൻ നിവിൻ പോളിയും മമിതയും; ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലേക്ക്!

18 July 2026
ഓണം കളറാക്കാൻ നിവിൻ പോളിയും മമിതയും; ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലേക്ക്!

മലയാളികളുടെ പ്രിയ താരം നിവിൻ പോളിയും ‘പ്രേമലു’ താരം മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

ഇക്കുറി ഓണം നേരത്തെയാക്കാൻ ഓഗസ്റ്റ് 21-ന് ചിത്രം തീയേറ്ററുകളിലെത്തും. ട്രെയിനിറങ്ങി ബാഗും തൂക്കി പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുന്ന നിവിന്റെയും മമിതയുടെയും ചിത്രങ്ങളടങ്ങിയ റിലീസ് അനൗൺസ്‌മെന്റ് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ തുടർച്ചയായ സൂപ്പർ ഹിറ്റുകളിലൂടെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർന്ന ഗിരീഷ് എ.ഡി.യാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസ് ആദ്യമായി നിവിൻ പോളിയുമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓണക്കാലത്ത് തിയേറ്ററുകളിൽ ചിരിയുടെ പൂത്തിരി കത്തിക്കാൻ ഈ കൂട്ടുകെട്ടിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.