ദില്ലി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന 7 ലോക് കല്യാൺ മാർഗിൽ കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധം തുടരുകയാണ്.
എംപിമാരെ അടക്കം ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്ന പോലീസ് നടപടി വകവെക്കാതെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ സമരം തുടരുകയാണ്.
സമരം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പ്രതിഷേധ സ്ഥലത്തെത്തുകയും രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തുകയും ചെയ്തു. സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടെങ്കിലും, പരീക്ഷാ ചോർച്ചയിൽ പാർലമെന്റിൽ ചർച്ച അനുവദിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി വേണമെന്നുമുള്ള ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.
ലോക് കല്യാൺ മാർഗിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞയും റൈറ്റ് പോലീസിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും ശക്തമായ സുരക്ഷയും തുടരുകയാണ്.

